Guidelines for Indians coming to Japan (Malayalam)

Guidelines for Indians coming to Japan (Malayalam)1. ആമുഖം

1.1. നിഹോൺകൈരളിയും നിലപാടുകളും

ജപ്പാനിൽ 37 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന മലയാളികളുടെ ഒരു കൂട്ടായ്മ ആണ് നിഹോൺ കൈരളി. മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു NGO ആയതിനാൽ യാതൊരു തരത്തിലുള്ള ബിസിനസ് ഉദ്യേശങ്ങളും നിഹോൺ കൈരളിക്ക് ഈ ഉദ്യമത്തിന്റെ പിന്നിൽ ഇല്ലെന്നും, തൊഴിലന്വേഷകരുടെ പ്രയോജനത്തിനായി ഒരു വിവരദാതാവായി വർത്തിക്കുക എന്നതു മാത്രമാണ് ഇവിടെ നിഹോൺ കൈരളിയുടെ ലക്ഷ്യമെന്നും ആദ്യമേ വ്യക്തമാക്കികൊള്ളട്ടെ.

1.2. ഉദ്ദേശ്യം

ഈ മാർഗ്ഗനിർദ്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് ജപ്പാനിലെ ജോലിയും വിസയും സംബന്ധിച്ച ശരിയായ വിവരങ്ങൾ നാട്ടിലുള്ള തൊഴിലന്വേഷകരിൽ എത്തിക്കുക എന്നതാണ്. ഈ വിവരങ്ങൾ വഴി വിസയും ജോലിയും വാഗ്ദാനം ചെയ്‌തു തട്ടിപ്പിനിരയാക്കപ്പെടുന്ന മലയാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കാൻ സാധിക്കും എന്നും പ്രതീക്ഷിക്കുന്നു.

1.3. പശ്ചാത്തലം

ജപ്പാനിലെ വിവിധ തരം വിസകളെക്കുറിച്ചും തൊഴിലുകളെക്കുറിച്ചും കേരളത്തിൽനിന്ന് ഒട്ടേറെ അന്വേഷണങ്ങൾ ഞങ്ങളിലേക്ക് എത്താറുണ്ട്. പല സന്ദർഭങ്ങളിലും പലരും വഞ്ചിക്കപ്പെട്ടു, ധനനഷ്ടവും ശാരീരിക പീഡനങ്ങളും അനുഭവിച്ചതായുമുള്ള ദുഃഖകരമായ റിപ്പോർട്ടുകൾ നിഹോൺ കൈരളിയുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ലേഖനം ജപ്പാനിലേക്ക് തൊഴിൽ അന്വേഷിക്കുന്നവർക്ക് ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.

1.4. ഡിസ്‌ക്ലൈമര്‍

തൊഴിൽ അന്വേഷകർക്ക് തീരുമാനമെടുക്കാൻ സഹായകമാകുന്ന വിവരങ്ങൾ നൽകുക എന്നതു മാത്രമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്. തൊഴിൽ കണ്ടെത്തൽ, കണ്ടെത്താൻ സഹായിക്കൽ, കമ്പനികളുമായോ ഗവൺമെന്റ് സ്ഥാപനങ്ങളുമായോ ഉള്ള ഇടപെടലുകൾ എന്നിവയിലൊന്നും നിഹോൺ കൈരളി യാതൊരുവിധ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതല്ല എന്ന് വ്യക്തമാക്കിക്കൊള്ളുന്നു.

2. ജപ്പാനിലെ ജോലിയും ജീവിത സാഹചര്യങ്ങളും

2.1. ജപ്പാൻ

47 പ്രിഫെക്ചറുകളുള്ള, അനേകം ദ്വീപുകൾ ഉള്ള ഒരു രാജ്യമാണ് ജപ്പാൻ. ജാപ്പനീസ് ആണ് ജപ്പാനിലെ ഔദ്യോഗിക ഭാഷ. ഇവിടെ ഭൂരിഭാഗം ജനങ്ങളും ആശയവിനിമയത്തിന് ജാപ്പനീസ് ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. ജപ്പാനിലെ വ്യവസായങ്ങൾ പ്രധാനമായും മോട്ടോർ വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ, ഉരുക്ക്, നോൺഫെറസ് ലോഹങ്ങൾ, കപ്പലുകൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, വിവരസാങ്കേതികവിദ്യ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയോട് അനുബന്ധിതമാണ്. അടുത്തിടെ ജപ്പാൻ ചില ബ്ലൂ കോളർ ജോലികൾ വിദേശത്തുനിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

2.2. ജപ്പാൻ ജീവിതം

ജപ്പാനിൽ ഏകദേശം നാല്പതിനായിരത്തിലേറെ ഇന്ത്യക്കാർ വസിക്കുന്നുണ്ട്, അതിൽ ആയിരത്തിലേറെപ്പേർ മലയാളികളാണ്. ഏറെപ്പേരും താമസിക്കുന്നത് ടോക്കിയോയുടെ സമീപ പ്രദേശങ്ങളായ എദൊഗാവ, കോത്തോ, കാവസാക്കി, തൊക്കായ്ച്ചിബ,യോക്കോഹാമ എന്നിവിടങ്ങളിലോ അല്ലെങ്കിൽ നഗോയ ഗുണ്മ, ഒസാക, ഫുകുഓക, തൊച്ചിഗി എന്നീ പ്രദേശങ്ങളിലോ ആണ്. ടോക്കിയോയിൽ ഇന്ത്യൻ സ്കൂളുകളും, ഇന്ത്യൻ കടകളും പൊതുവെ എണ്ണത്തിൽ കൂടുതൽ ഉണ്ട് . ബ്ലൂ കോളർ ജോലികളാണെങ്കിൽ, ജോലിസ്ഥലങ്ങൾ അന്തർദേശീയ സൗകര്യങ്ങൾ കുറവുള്ള വിദൂര സ്ഥലങ്ങളിൽ ആയിരിക്കാനും സാധ്യതയുണ്ട്, കൂടാതെ നിങ്ങൾക്ക് പ്രാദേശിക ജാപ്പനീസ് ജീവിതശൈലിയുമായി പൊരുത്തപ്പെടേണ്ടിയതായും വന്നേക്കാം.

2.3. ജീവിതച്ചെലവ്

ജപ്പാനിൽ ഒരാൾക്ക് ഒരു മാസം ജീവിക്കാനാവശ്യമായ ചിലവുവിവരങ്ങളുടെ ഒരു ഏകദേശരൂപം താഴെ കൊടുത്തിരിക്കുന്നു. ജീവിതശൈലിക്ക് അനുസൃതമായി ചിലവുകളിൽ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകാം.

No ചിലവ് പ്രതിമാസ തുക (ജാപ്പനീസ് യെൻ JPY)
1 വീട് 40,000
2 വൈദ്യുതി, ഗ്യാസ്, വെള്ളം മുതലായവ 5,000
3 മൊബൈൽ ഫോൺ 3,000
4 ജോലിസ്ഥലത്തോട്ടുള്ള യാത്രാച്ചിലവുകൾ 10,000
5 പാചകം ചെയ്യുകയാണെങ്കിൽ ഭക്ഷണച്ചിലവ് 50,000
6 മറ്റുള്ളവ 10,000
  ആകെ മൊത്തം 1,18,000

കൂടുതൽ വിവരങ്ങൾക്കായി ചില ലിങ്കുകൾ ചുവടെ ചേർക്കുന്നു.

2.4. ശമ്പളം

ജപ്പാനിലെ ശമ്പളം മറ്റെവിടെയുംപോലെതന്നെ ജോലിയുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ സാമാന്യവൽക്കരണം ബുദ്ധിമുട്ടാണെങ്കിലും താഴത്തെ ലിങ്കിൽ നോക്കിയാൽ ശമ്പളത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കുന്നതായിരിക്കും. ബ്ലൂ കോളർ ജോലികൾക്ക് ശമ്പളം പൊതുവെ കുറവായിട്ടാണ് കണ്ടുവരുന്നത്.
https://resources.realestate.co.jp/living/average-salary-japan-occupation-age/

ജപ്പാനിൽ മിനിമം വേതനം പൊതുവെ വ്യവസായത്തെയും ജോലിചെയ്യുന്ന പ്രദേശത്തെയും ആശ്രയിച്ചിരിക്കുന്നു. വ്യവസായിക മിനിമം വേതനം ചില വ്യവസായങ്ങൾക്ക് ബാധകമാണ്. സാധാരണയായി ഇത് പ്രാദേശിക മിനിമം വേതനത്തേക്കാൾ ഉയർന്നതായിരിക്കും. പ്രാദേശിക, വ്യാവസായിക മിനിമം വേതനങ്ങൾതമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, രണ്ടിൽ ഏതാണോ കൂടുതൽ, അതായിരിക്കും ബാധകമാകുക.

2023 മാർച്ചിലെ കണക്ക് പ്രകാരം മിനിമം വേതനം മണിക്കൂറിന് 960 യെൻ ആയി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

യാത്രാച്ചെലവ്, അധിക വേതനം (അവധി ദിവസങ്ങളിലെ ജോലി, ഓവർടൈം മുതലായവ), താൽക്കാലിക വേതനം (ബോണസ്, ടിപ്പുകൾ മുതലായവ) എന്നിവ പ്രത്യേകമായി നൽകപ്പെടുന്നു, മിനിമം വേതനം കണക്കാക്കാൻ ഇത് ഉപയോഗിക്കാറില്ല. പ്രാദേശിക മിനിമം വേതനം നിശ്ചയിക്കുന്നത് തൊഴിൽ മന്ത്രിയോ പ്രിഫെക്ചറൽ ലേബർ സ്റ്റാൻഡേർഡ് ഓഫീസ് മേധാവിയോ ആണ്.

2.5. ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, നികുതി മുതലായവ

ആരോഗ്യ ഇൻഷുറൻസും പെൻഷനും ജപ്പാനിൽ നിർബന്ധമാണ്. ആരോഗ്യ ഇൻഷുറൻസ് ദേശീയ ആരോഗ്യ ഇൻഷുറൻസോ അല്ലെങ്കിൽ കമ്പനി നിർദ്ദിഷ്ടമായ ആരോഗ്യ ഇൻഷുറൻസോ ആകാം. ആദായനികുതി, ആരോഗ്യ ഇൻഷുറൻസ് / പെൻഷൻ, റെസിഡന്റ് ടാക്സ് മുതലായവ മാസശമ്പളത്തിൽനിന്നും കിഴിക്കപ്പെടുന്നതായിരിക്കും.

പ്രതിമാസം 300,000 യെൻ (പ്രതിവർഷം 3,600,000 യെൻ) ശമ്പളം ലഭിക്കുന്ന ഒരാളുടെ ആദ്യവർഷ വരുമാനത്തിന്റെ ഒരു സാമ്പിൾ കണക്കുകൂട്ടൽ ചുവടെ ചേർക്കുന്നു. റെസിഡന്റ് ടാക്സ് ഈ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും ജപ്പാനിൽ എത്തി രണ്ടാം വർഷം മുതൽ റെസിഡന്റ് ടാക്സ് അടച്ചുതുടങ്ങേണ്ടിവരും. ഇത് താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുമെങ്കിലും ശമ്പളത്തിന്റെ ഏകദേശം 6 ശതമാനം ഒക്കെ വരാൻ സാധ്യതയുണ്ട്.

ശമ്പളത്തിനനുസൃതമായി അടക്കേണ്ടിവരുന്ന നികുതിയുടെ അളവിനെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയെടുക്കാനായി ചുവടെക്കൊടുത്തിട്ടുള്ള വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.


https://japantaxcalculator.com/

3. വിസ വിഭാഗങ്ങളും വ്യവസ്ഥകളും

3.1. വിദേശികൾക്കുള്ള വിസകൾ

വിവിധതരം വർക്കിങ്ങ് വിസകളെക്കുറിച്ചറിയാൻ ചുവടെച്ചേർത്തിരിക്കുന്ന ലിസ്റ്റ് നോക്കുക. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിലവസരങ്ങളിൽ മിക്കതും എഞ്ചിനീയർ, ഇൻട്രാ കമ്പനി ട്രാൻസ്ഫർ, വിദഗ്ധ തൊഴിലാളികൾ, നിർദ്ദിഷ്ട വിദഗ്ധ തൊഴിലാളികൾ എന്നീ വിസകളുടെ കീഴിലാണ് വരുന്നത്. അടുത്തിടെ വളരെ കുറച്ച് നഴ്സിംഗ് കെയർ വിസകളും കൊടുത്തുവരുന്നതായി കാണുന്നു.

 • Professor(Examples: university professor, assistant professor, assistant, University Researcher, etc.)
 • Artist(Examples: composers, songwriters, artists, sculptors, craftspeople, photographers, etc.)
 • Religious activities(Examples: religious people such as monks, bishops, missionaries, etc.)
 • Journalist(Examples: newspaper journalists, magazine journalists, editors, news cameramen, announcers, etc.)
 • Business manager(Examples: company presidents, directors, etc.)
 • Legal/Accounting services(Examples: attorneys, judicial scriveners, public accountants, tax accountants, etc. certified in Japan)
 • Medical services(Examples: physicians, dentists, pharmacists, nurses, etc. certified in Japan)
 • Researcher(Examples: researchers, investigators, etc. at research institutes, etc.)
 • Instructor(Examples: teachers, etc. at elementary schools, intermediate schools, and high schools)
 • Engineer/Specialist in humanities/International services(Examples: scientific engineers, IT engineers, foreign language teachers, interpreters, copywriters, designers, etc.)
 • Intra-company transferee(Examples: people transferred to the Japanese branch (head office of the same company, etc.))
 • Nursing care(Example: certified care worker)
 • Entertainers(Examples: musicians, actors, singers, dancers, sportspeople, models, etc.)
 • Skilled labor(Examples: chefs specializing in the food of a foreign country, animal trainers, pilots, sports trainers, sommeliers, etc.)
 • Specified skilled worker(Work-ready foreign nationals who possess certain expertise and skills in certain industrial fields.)
 • Technical intern training(Examples: Technical intern)

വിദ്യാർത്ഥികൾക്കായുള്ള വിസ, നിയുക്ത ജോലികൾക്കായി മാത്രമുള്ള വിസ, ആശ്രിതർക്കായുള്ള വിസ മുതലായവ ജനറൽ വിസാ ഇനത്തിൽ വരുന്നു എങ്കിലും, നിയമപരമായി ഇവർക്ക് ജോലി ചെയ്യാൻ സാദ്ധ്യമല്ല, അല്ലെങ്കിൽ പരിമിതമായ മണിക്കൂറുകൾ മാത്രമേ ജോലിചെയ്യാൻ അനുമതിയുള്ളൂ.

പാർട്ട്ടൈം ജോലികളും, സ്ഥിരമായ ജോലികളും ഉറപ്പുനൽകി, വിദ്യാർത്ഥി വിസയിൽ (പ്രത്യേകിച്ചും ജാപ്പനീസ് ഭാഷാപഠനം എന്ന പേരിൽ) ജപ്പാനിൽ എത്തിച്ചു വഞ്ചിക്കപ്പെട്ട കേസുകൾ കുറെയേറെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3.1.1. അഭയാർത്ഥി വിസകൾ (Refugee Visas)

ജപ്പാൻ വിസാ നിയമങ്ങൾ അനുസരിച്ച് അഭയാർത്ഥി അഥവാ refugee എന്നാൽ, വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം അല്ലെങ്കിൽ രാഷ്ട്രീയ അഭിപ്രായം എന്നിവയുടെ കാരണങ്ങളാൽ മാതൃരാജ്യത്തു പീഡിപ്പിക്കപ്പെടുമെന്ന വ്യക്തമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഭയത്താൽ വിദേശത്തു താമസിക്കുകയും, തന്നെ മാതൃരാജ്യത്തിന് സ്വയം വിട്ടുകൊടുക്കാൻ താല്പര്യപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

യുക്രെയിനിലെപ്പോലെയുള്ള സാഹചര്യങ്ങൾ നിലവിലില്ലാത്തതിനാൽ പൊതുവേ ഇന്ത്യക്കാർക്ക് അഭയാർത്ഥി വിസകൾ അനുവദിക്കപ്പെടാൻ സാധ്യതയില്ല എന്ന് മനസിലാക്കേണ്ടതായിട്ടുണ്ട്. ഭൂരിഭാഗം വിസ തട്ടിപ്പ് കേസുകളിലും ടൂറിസ്റ്റ് വിസയിൽ ജപ്പാനിൽ എത്തിക്കപ്പെട്ടശേഷം അഭയാർത്ഥി വിസക്കായി അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതായി കണ്ടുവരുന്നു.

അഭയാർത്ഥി വിസയെക്കുറിച്ചു കൂടുതൽ അറിയാൻ ചുവടെച്ചേർക്കുന്ന ലിങ്കിൽ പരിശോധിക്കുക.
https://www.moj.go.jp/isa/content/930002277.pdf

3.2. ശരിയായ വിസ തിരഞ്ഞെടുക്കൂ

ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിസ കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം ഒപ്പിട്ട വർക്ക് കരാർ ഉണ്ടോയെന്നും ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇവ രണ്ടും കൃത്യമാണെങ്കിൽ ജപ്പാനിൽ എത്തിയശേഷം തൊഴിലുടമയുമായി എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ ജാപ്പനീസ് ഉദ്യോഗസ്ഥർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.

വർക്ക് വിസയില്ലാതെ ജപ്പാനിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.

പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം - 3 മാസത്തെ ടൂറിസ്റ്റ് വിസയിൽ അല്ലെങ്കിൽ സന്ദർശക വിസയിൽ ജപ്പാനിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ അനുവാദമില്ല എന്നതാണ്. ടൂറിസ്റ്റ് വിസയിലോ, സന്ദർശക വിസയിലോ ജപ്പാനിലേക്ക് കൊണ്ടുപോകാമെന്നും പിന്നീട് വർക്ക് വിസയായി മാറ്റിത്തരാമെന്നും മറ്റും ഏജൻസികൾ പറഞ്ഞേക്കാം, ഇത് തെറ്റായ വിവരമാണെന്ന് മനസ്സിലാക്കി അത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

ജപ്പാനിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ജപ്പാനിൽഎത്തുന്നതിനുമുമ്പ് ഒരു വർക്കിംഗ് വിസ ഉണ്ടായിരിക്കണം. ജപ്പാനിൽ പ്രവർത്തിക്കുന്ന കമ്പനികളോ, യൂണിവേഴ്സിറ്റി, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോർഡ് ഓഫ് എഡ്യൂക്കേഷൻ മുതലായ സ്ഥാപനങ്ങൾ വഴിയോ മാത്രമേ അങ്ങനെയുള്ള വിസകൾക്കായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ജപ്പാനിൽ ലഭ്യമായ വർക്കിംഗ് വിസയുടെ പട്ടികയ്ക്കായി ചുവടെ ചേർക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ്.
https://www.mofa.go.jp/j_info/visit/visa/long/index.html

3.3. പുതിയ സ്പെസിഫൈഡ്‌ സ്‌കിൽഡ് വർക്കർ വിസ

താഴെ പറയുന്ന വിഭാഗങ്ങളിലെ ജോലികൾക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി “സ്‌പെസിഫൈഡ് സ്‌കിൽഡ് വർക്കർ” എന്ന പുതിയതരം വിസയും ഇപ്പോൾ അനുവദിക്കുന്നുണ്ട്‌. ഇപ്പോൾ ഈ വിഭാഗത്തിൽ 2000 ൽ താഴെ ആളുകൾ മാത്രമേ ജപ്പാനിലെത്തിയിട്ടുള്ളു. ഇപ്പോഴും ഇത് പ്രാരംഭഘട്ടത്തിലാണ്. ഈ വിസ ലഭിക്കേണ്ടതിനായി നിർദ്ദിഷ്ട ഫീൽഡ് ടെസ്റ്റുകൾ അതാതു രാജ്യങ്ങളിൽ നിന്ന് പാസ്സാകേണ്ടതുണ്ട്.

വിദേശ മാനവ വിഭവശേഷി ഫലപ്രദമാംവിധം ഉപയോഗപ്പെടുത്തി ചില പ്രത്യേക മേഖലകളിലുള്ള ഗുരുതരമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് “Specially Skilled Worker (SSW)” എന്ന പുതിയ സ്റ്റാറ്റസ് ഓഫ് റെസിഡൻസ് ജപ്പാനിൽ 2019 ഏപ്രിലിൽ ആരംഭിച്ചു.

ഈ പുതിയ വിഭാഗത്തിലുള്ള വിസ ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും എന്ന് കരുതപ്പെടുന്നു. കൃഷി, നഴ്സിംഗ് മുതലായ മേഖലകൾക്കായുള്ള ടെസ്റ്റുകൾ ഇന്ത്യയിൽ പല സ്ഥലങ്ങളിലും നടത്തപ്പെടുന്നു. വിസ ആവശ്യങ്ങൾക്കായി ഏതെങ്കിലും ഏജൻസികളുമായി ഇടപെടുകയാണെങ്കിൽ, നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ പ്രസ്തുത ഏജൻസിയെക്കുറിച്ചു വ്യക്തമായ പഠനം നടത്തുന്നത് നന്നായിരിക്കും.

SSW വിഭാഗത്തിലുള്ള വിസകൾക്ക് ജാപ്പനീസ് ഭാഷാ ആവശ്യമായതിനാൽ ജാപ്പനീസ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന ടെസ്റ്റുകളായ JLPT ടെസ്റ്റിൽ N4 നു മുകളിലോ അല്ലെങ്കിൽ JFT-Basic ടെസ്റ്റിൽ A2 വിനു മുകളിലോ ഗ്രേഡ്‌ നേടേണ്ടതാകുന്നു.

വിശദമായ വിവരങ്ങൾ: 在留資格_A4_英語_0325_02 (mofa.go.jp)

3.4. ടെക്നിക്കൽ ഇന്റേൺ ട്രെയിനിങ് പ്രോഗ്രാം (TITP)

ഈ പ്രോഗ്രാം ഇന്ത്യയും ജപ്പാനും തമ്മിലുള്ള കഴിവുകൾ, സാങ്കേതികവിദ്യ, അറിവ് എന്നിവയുടെ കൈമാറ്റം വഴി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുകയും അതുവഴി മാനവ വിഭവശേഷി വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.. ഈ പ്രോഗ്രാമിലൂടെ തൊഴിലാളികൾക്ക് ഒരു നിശ്ചിത കാലയളവിൽ (3 - 5 വർഷം) ജപ്പാനിലെ വ്യാവസായിക സമൂഹത്തിൽ പരിശീലനം നൽകുന്നു.

ഏറ്റവും കഴിവുള്ള യുവാക്കളെ തിരഞ്ഞെടുത്ത് ജപ്പാനിലേക്ക് അയച്ച് TITP യിൽ പങ്കെടുപ്പിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആന്റ് ആൻറ്റ്റപ്രനർഷിപ് (MSDE), ഇന്ത്യാ ഗവൺമെന്റും നീതിന്യായ മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും, ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയവും, സാങ്കേതിക ഇന്റേണൽ ട്രെയിനിംഗ് പ്രോഗ്രാം (ടിഐടിപി) ആരംഭിക്കുന്ന സഹകരണ കരാറിൽ ഒക്ടോബർ 2017-ൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് ആളുകളെ അയയ്ക്കാൻ യോഗ്യതയുള്ള കമ്പനികളാണ് ഇനിപ്പറയുന്നത്.
https://nsdcindia.org/about-titp#sending-org

4. സ്വയം ചെയ്യേണ്ട പരിശോധനകൾ

ജപ്പാനിലേക്ക് ജോലി നേടി വരാൻ ആഗ്രഹിക്കുന്ന ഒരു ഉദ്യോഗാർത്ഥി ഏതെല്ലാം കാര്യങ്ങൾ സ്വന്തമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും, ഈ പരിശോധനകൾ എങ്ങനെ ചെയ്യാമെന്നും ഈ സെക്ഷനിൽ വിശദീകരിക്കുന്നു.

4.1. തൊഴിൽ കരാർ പരിശോധിച്ച് ഉറപ്പുവരുത്തൽ

നിങ്ങളുടെ നാട്ടിലെ ഒരു ഏജന്റ് നിങ്ങൾക്ക് ജപ്പാനിൽ ഒരു തൊഴിൽ ഓഫർ ചെയ്യുമ്പോൾ, നിങ്ങൾക്ക് ജോലി നൽകുന്ന കമ്പനിയുമായുള്ള തൊഴിൽ കരാറിന്റെ കോപ്പി ആവശ്യപ്പെടണം. ജപ്പാനിലേക്ക് നിങ്ങൾ പുറപ്പെടുന്നതിനു മുമ്പ് പ്രസ്തുത തൊഴിൽ കരാർ നിങ്ങൾക്ക് ലഭിച്ചിരിക്കുകയും നിങ്ങളും തൊഴിൽദാതാവും ഈ കരാറിൽ ഒപ്പിടുകയും ചെയ്തിട്ടുണ്ടാകണം.

തൊഴിൽ കരാറിലെ നിബന്ധനകൾ ശരിക്കും വായിച്ചു മനസ്സിലാക്കുക. കരാർ ഡോക്യുമെന്റ് വിശദമായി വായിച്ച് മനസ്സിലാക്കുന്നത് വഴി പിന്നീട് പ്രയാസകരമായ സാഹചര്യങ്ങളിൽ ചെന്ന് പെടുന്നത് ഒഴിവാക്കാനാകും. ചില തൊഴിൽ കരാറുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻപറ്റുന്നതായിക്കും, അത് പോലെ തന്നെ തിരികെ നാട്ടിലേക്ക് മടങ്ങുവാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റൊ അതിനുള്ള ചിലവോ കമ്പനി വഹിക്കാത്ത രീതിയിലുമെല്ലാമുള്ള വ്യവസ്ഥകൾ ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങളെലാം ശ്രദ്ധിക്കേണ്ടതാണ്.

നിയമാനുസൃതമായി നല്ല രീതിയിൽ തയ്യാറാക്കിയിട്ടുള്ള കരാറുകളിൽ ജാപ്പനീസ് തൊഴിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾഉൾപ്പെടുത്തിയിട്ടുണ്ടാകും. തൊഴിൽ കരാർ ഒപ്പിട്ട് സ്ഥിരീകരിക്കാതെ ഒരിക്കലും ജപ്പാനിലേക്ക് യാത്ര പുറപ്പെടാതിരിക്കുക.

4.2. ജപ്പാനിലെ കമ്പനി (തൊഴിലുടമ) യെക്കുറിച്ച് അന്വേഷിച്ച് അറിയുക

ജപ്പാനിൽ നിങ്ങൾക്ക് തൊഴിൽ ഓഫർ ചെയ്യുന്ന കമ്പനിയെ കുറിച്ച് വളരെ വിശദമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുക.

നിയമവിധേയമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വിധ എല്ലാ കമ്പനികളെക്കുറിച്ചും http://www.info-clipper.com/en/company/search/japan.jp.html എന്ന വെബ്‌സൈറ്റിൽ ചെക്ക് ചെയ്യാവുന്നതാണ് (വളരെ ബേസിക് ആയിട്ടുള്ള ചുരുക്കം വിവരങ്ങൾ ഇവിടെ ലഭ്യമാകും). കമ്പനിയുടെ വെബ്‌സൈറ്റ്, ഫോൺ നമ്പർ തുടങ്ങിയവ ചെക്ക് ചെയ്യുക, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജോലിയെക്കുറിച്ച് നേരിട്ട് കമ്പനിക്ക് ഇമെയിൽ അയച്ച് ബോധ്യപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും.

പ്രസ്തുത കമ്പനി നിങ്ങളോട് പേയ്‌മെന്റ് ആവശ്യപ്പെടുകയോ,നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ചോദിക്കുകയോ അതുമല്ലെങ്കിൽ തൊഴിൽ സംബന്ധമല്ലാത്ത നിങ്ങളെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ ആവശ്യപ്പെടുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ അത് സംശയാസ്പദമാണ്. ഇത്തരത്തിലുള്ള ഏത് വിവരങ്ങൾ കൈമാറുന്നതിനെയും മുന്നേ നല്ല രീതിയിൽ പരിശോധനകൾ നടത്തി നിജസ്ഥിതി ഉറപ്പു വരുത്തുക.

ജപ്പാനിൽ താമസിക്കുന്നു എന്ന് ഉറപ്പുള്ള ആരെയെങ്കിലും ഫേസ്ബുക്കോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ ബന്ധപ്പെട്ട് നിങ്ങൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തിരിക്കുന്ന കമ്പനിയെ കുറിച്ച് വിവരങ്ങൾ ചോദിച്ചറിയാനും ശ്രമിക്കുക.

4.3. ഇന്ത്യയിലെ റിക്രൂട്ട്മെന്റ് ഏജൻസിയെക്കുറിച്ച് അന്വേഷിച്ച് അറിയുക

നിങ്ങൾക്ക് ജോലി വാഗ്‌ദാനം ചെയ്യുന്ന നിങ്ങളുടെ നാട്ടിലെ ഏജൻസിയുടെ ആധികാരികതയെ കുറിച്ച് വിശദമായി അന്വേഷിക്കുക. പ്രസ്തുത ഏജൻസിക്ക് വിദേശ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷകരെ റിക്രൂട്ട് ചെയ്യാൻ നിയമപ്രകാരമുള്ള രെജിസ്ട്രേഷൻ ഉണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. ഇന്ത്യയിലെ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തിന്റെ ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് പേജിൽ കാണാം.
https://www.mea.gov.in/overseas-employment.htm(ഈ ഡോക്യുമെന്റ് ഡൌൺലോഡ് ചെയ്ത് റിക്രൂട്ട്മെന്റ് ഏജൻസിയുടെ പേര് വെച്ച് സേർച്ച് ചെയ്യുക). ഈ ഡോക്യൂമെൻറ് സമയാസമയത്ത് പുതുക്കുന്നതു കൊണ്ട്, ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

The Emigration Act, 1983 (Section 10) നിയമപ്രകാരം ഇന്ത്യൻ പൗരന്മാരെ വിദേശ രാജ്യങ്ങളിലെ ജോലിയിലേക്ക് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഏജൻസികൾ, Protector General of Emigrants (PGE) എന്ന രജിസ്ട്രേഷൻ അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെടേണ്ടതാണ്.

4.4. ജപ്പാനിൽ എത്തുന്നതിനു മുൻപേ പരമാവധി വിവരശേഖരണം

മുൻപേ വിശദീകരിച്ച പ്രകാരം തൊഴിൽദാതാവായ കമ്പനിയെയും, റിക്രൂട്ടിങ് ഏജൻസിയെയും, ജോലിയെയും, ജോലിസ്ഥലത്തെ സ്ഥിതിഗതികളെയും, ജോലി സമയത്തെയും കുറിച്ചെല്ലാം നാട്ടിൽ വെച്ച് തന്നെ നല്ലവണ്ണം കഴിയും വിധം അന്വേഷിച്ചു മനസ്സിലാക്കുക. ഇത് പിന്നീട് പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഉപകാരപ്പെടും.
https://www.otit.go.jp/files/user/200330-2.pdf

4.5. റിക്രൂട്ട്മെന്റ് ഏജന്റിനോട് ചോദിക്കാവുന്ന ചോദ്യങ്ങൾ

 • വാർഷിക ശമ്പളം എത്രയായിരിക്കും?
 • താമസം, ഭക്ഷണം, യൂട്ടിലിറ്റികൾ (വൈദ്യുതി, പാചകവാതകം, വെള്ളം, ഫോൺ, ഇന്റർനെറ്റ്) തുടങ്ങിയവക്ക് അലവൻസ് ഉണ്ടാകുമോ?
 • ഏത് കാറ്റഗറി വിസയാണ് എനിക്ക് ലഭിക്കുക?
 • നാട്ടിൽ നിന്നും ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുമ്പേ വിസ ലഭിക്കുമോ?
 • കമ്പനിയിൽ നിന്നും എനിക്ക് തൊഴിൽ കരാർ ലഭിക്കുമോ?
 • തൊഴിൽ കരാറിന്റെ കാലാവധി എത്രയാണ്?
 • ഒരു വർഷത്തിൽ ശമ്പളത്തോട് കൂടിയ എത്ര അവധി ദിവസങ്ങൾ ഉണ്ടാകും?
 • ഒരു വർഷത്തിൽ എത്ര അസുഖ അവധികൾ (sick leave) ഉണ്ടാകും?
 • നാട്ടിൽ നിന്നും ജപ്പാനിലേക്കുള്ള വിമാനയാത്ര ടിക്കറ്റ് ചിലവ് കമ്പനി വഹിക്കുമോ?
 • ജോലി സ്ഥലം ജപ്പാനിൽ എവിടെ ആയിരിക്കും?
 • ജോലി നൽകുന്ന കമ്പനിയുടെ വിശദവിവരങ്ങൾ (കമ്പനി പേര്, അഡ്രെസ്സ്, വെബ്സൈറ്റ്, ഇമെയിൽ) എന്തൊക്കെയാണ്?
 • ജോലിയുടെ വിശദവിവരങ്ങൾ (തൊഴിൽ പദവിയും ഉത്തരവാദിത്വങ്ങളും) എന്തൊക്കെയാണ്?
 • ജോലി സമയം എങ്ങനെയായിരിക്കും?
 • ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടി വരുമോ?

5. മുൻ ഉദ്യോഗാർത്ഥികളുടെ അനുഭവങ്ങൾ

ജപ്പാനിൽ ജോലിക്കായി വന്ന ഉദ്യോഗാർത്ഥികളിൽ ചിലരുടെ മുന്നനുഭവങ്ങൾ ചുവടെ ചേർക്കുന്നു.

കേസ് 1 - ജോലിക്കായി വിജയകരമായി എത്തിപ്പെട്ട X

ഇദ്ദേഹം ജപ്പാനിൽ ജോലി ലഭിക്കുന്നതിന് വേണ്ടി കുറച്ചു പണം നൽകി. ജാപ്പനീസ് ഭാഷ പരിശീലനവും അതിൽ ഉൾക്കൊണ്ടിരുന്നു. ആദ്യം ഇന്ത്യയിൽ വച്ച് തന്നെ N4 ജാപ്പനീസ് ഭാഷ പരീക്ഷ പാസ്സായി. അതിനു ശേഷം അംഗീകൃത ഏജന്റ് തന്നെ ജപ്പാനിലെ കമ്പനിയിൽ ജോലി ശരിയാക്കി. ആദ്യം കരാർ ജീവനക്കാരൻ ആയി ജോലിക്കു കയറി. പിന്നീട് മുഴുവൻ സമയ ജീവനക്കാരൻ ആയി മാറി.

കേസ് 2 - രൂപ നഷ്ടപ്പെട്ടു കുടുങ്ങിപ്പോയ Y

ഇദ്ദേഹം ജപ്പാനിൽ ജോലി ലഭിക്കുവാൻ വേണ്ടി ഒരു വലിയ സംഖ്യ ഏജന്റിന് പണമായി കൊടുത്തു. ഏജന്റ് 7 ദിവസത്തെ ടൂറിസ്റ്റ് വിസ എടുത്തു അദ്ദേഹത്തെ ടോക്യോയിലേക്ക് അയച്ചു. ജപ്പാനിൽ എത്തിയതിനു ശേഷം ജോലി ചെയ്യാൻ പറ്റുന്ന വിസയിലേക്കു മാറ്റാം എന്നും വാഗ്ദാനവും ചെയ്തിരുന്നു.

പക്ഷെ ജപ്പാൻ എയർപ്പോർട്ടിൽ എത്തിയപ്പോൾ ഇമ്മിഗ്രേഷനിൽ ഇദ്ദേഹം തടയപ്പെടുകയും, നാട്ടിലേക്ക് തിരിച്ചു അയക്കപ്പെടുകയും ഉണ്ടായി. ജപ്പാൻ ഇമ്മിഗ്രേഷൻ അദ്ദേഹത്തെ മൊബൈൽ ഫോൺപോലും ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതു മൂലം അദ്ദേഹത്തിന്റെ ബന്ധുക്കൾ ശരിക്കും പേടിച്ചുപോയി. ഇപ്പോൾ അദ്ദേഹം നഷ്ടപ്പെട്ട സംഖ്യ തിരിച്ചു കിട്ടാനുള്ള ശ്രമത്തിൽ ആണ്.

ഇത് പോലെ ഇവിടെ വന്ന് അഭയാർത്ഥികളായി പ്രഖ്യാപിച്ചു ഇവിടെ കുടുങ്ങിയവരും ഉണ്ട്. പലർക്കും ഇവിടെ ജോലിയില്ല, ദൈനംദിന ചിലവുകൾക്കുവേണ്ടി വീട്ടുകാരോട് പണം അയക്കാൻ അഭ്യർത്ഥിക്കേണ്ട അവസ്ഥയിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. നാട്ടിൽ വലിയ കടങ്ങൾ ഉള്ളതിനാൽ തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയിലുള്ളവരും ഉണ്ട്.

കേസ് 3 - ഏജന്റുമാർ പറ്റിച്ചെങ്കിലും തട്ടിമുട്ടി പോകുന്ന Z

നാട്ടിലുള്ള കൂട്ടുകാരോട് കടം വാങ്ങിയും, ബാങ്കിൽ നിന്ന് ലോൺ എടുത്തും, ജപ്പാനിൽ ജോലിക്കായി വലിയ സംഖ്യ അടച്ചു. ജപ്പാനിൽ എത്തിയതിനു ശേഷം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഇന്ത്യയിലെ ഏജന്റ് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ല. ഇവിടെ എത്തിയതിനു ശേഷവും താമസസൗകര്യത്തിനും, ജോലി ശരിയാക്കുന്നതിനും എന്നൊക്കെ പറഞ്ഞു വീണ്ടും കാശ് ആവശ്യപ്പെട്ടു. അത് വീണ്ടും ഇന്ത്യയിൽ നിന്ന് വരുത്തേണ്ടി വന്നു. അദ്ദേഹത്തോട് അഭയാർത്ഥി വിസക്ക് ശ്രമിക്കുവാൻ പറഞ്ഞു. പക്ഷെ ജപ്പാനിൽ അത് വളരെ ബുദ്ധിമുട്ടാണ്. അവസാനം, എങ്ങനെയൊക്കെയോ ആ ഏജന്റിന്റെ അടുത്ത് നിന്ന് രക്ഷപെട്ടു. ചില ജാപ്പനീസുകാരുടെ സഹായത്താൽ ഹ്രസ്വകാല തൊഴിൽ അനുമതി നേടിയെടുത്തു. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും ബ്ലൂ കോളർ ജോലി ആണ് ചെയ്യുന്നത്. ഇന്ത്യയിലേക്ക് പോയാൽ, പിന്നെ തിരിച്ചു ഇങ്ങോട്ടു വരാൻ കഴിയില്ല. കടങ്ങൾ വീട്ടിക്കഴിഞ്ഞതിന് ശേഷം തിരിച്ചു പോവാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. മാന്യമായ ശമ്പളവും വിസയും ഉള്ള ഒരു നല്ല കമ്പനിയിൽ ജോലി ചെയ്യാൻ കഴിയുമെന്ന് ഇപ്പോഴും അദ്ദേഹം പ്രതീക്ഷിക്കുന്നു.

6. സ്ഥിരമായി ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം: “Specified Skilled Worker” ആയി അപേക്ഷിക്കുന്ന വ്യക്തിക്ക് തന്റെ രാജ്യത്ത് നിന്നുള്ള വിദ്യാഭ്യാസപാശ്ചാത്തലം ഉണ്ടാകേണ്ട ആവശ്യകതയുണ്ടോ? അപേക്ഷകൻ പ്രൈമറി അല്ലെങ്കിൽ ജൂനിയർ ഹൈസ്കൂൾ ബിരുദം നേടിയിരിക്കേണ്ടതുണ്ടോ?

ഉത്തരം: അപേക്ഷകരുടെ വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രത്യേക നിബന്ധനകളില്ല. എന്നിരുന്നാലും, നിർദ്ദിഷ്ട വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞ പ്രായപരിധി നിർബന്ധമാക്കിയിട്ടുണ്ട് - അവർക്ക് പ്രായം 18 വയസ്സിന് മുകളിലായിരിക്കണം.

ചോദ്യം: “Specified Skilled Worker” എന്ന തൊഴിൽ കാറ്റഗറിയിൽ ജപ്പാനിലേക്ക് പോകുന്നതിന് ഒരു ബ്രോക്കറിനോ ഏജെൻസിക്കോ മറ്റേതെങ്കിലും കക്ഷിക്കോ ഗ്യാരണ്ടി ഡെപ്പോസിറ്റ് വല്ലതും നൽകേണ്ടതുണ്ടോ?

ഉത്തരം: “Specified Skilled Worker” വിസാ കാറ്റഗറിയിൽ ജോലി ചെയ്യുന്നതിന് പ്രസ്തുത ജോലിയിൽ പ്രവേശിക്കുന്ന വ്യക്തിയോ അവരുടെ ഏതെങ്കിലും കുടുംബാംഗങ്ങളോ ഏതെങ്കിലും രീതിയിലുള്ള ഗ്യാരന്റി ഡെപ്പോസിറ്റ് നൽകുവാൻ പാടുള്ളതല്ല. അതേ സമയം, ബ്രോക്കർ/ഏജന്റ് മറ്റ് തല്പരകക്ഷികൾ മുതലായവർ “Specified Skilled Worker” വിസാ കാറ്റഗറിയിൽ ജോലി നേടുന്ന വ്യക്തിയിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ഏതെങ്കിലും രീതിയിൽ പണം കൈപറ്റുകയോ പിഴയായി ചുമത്തുകയോ ചെയ്യുന്ന രീതിയിലുള്ള കരാറിൽ ഏർപ്പെടുന്നത് നിയമപ്രകാരം പാടില്ലാത്തതാണ്. ഗ്യാരന്റി ഡെപ്പോസിറ്റ് ആയോ പിഴയായോ പണം ആവശ്യപ്പെടുന്ന രീതിയിലുള്ള കരാറുകൾ അംഗീകരിക്കാതിരിക്കുക.

ടൂറിസ്റ്റ് വിസയോ താൽക്കാലിക സന്ദർശക (temporary visitor) വിസയോ ഉണ്ടെങ്കിൽ ജപ്പാനിൽ ജോലി ചെയ്യാമോ?

ഉത്തരം: സാധുവായ വർക്ക് വിസയില്ലാതെ ജപ്പാനിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനാൽ, ടൂറിസ്റ്റ് വിസയോ താൽക്കാലിക സന്ദർശക വിസയോ ഉള്ളവർ ജപ്പാനിൽ ജോലി ചെയ്യാൻ പാടുള്ളതല്ല.

ചോദ്യം: ജപ്പാനിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് തൊഴിൽ കരാർ ലഭിക്കുമോ?

ഉത്തരം: അതെ, ജപ്പാനിലെ കമ്പനിയുമായി എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള തൊഴിൽ കരാർ ഉണ്ടാക്കിയിരിക്കണം. തൊഴിൽദാതാവും തൊഴിലാളിയും ഒപ്പിട്ട തൊഴിൽ കരാർ ഇല്ലാതെ ഒരിക്കലും ജപ്പാനിലേക്ക് പോകരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം. ജപ്പാനിൽ ഇവിടത്തെ തൊഴിൽനിയമ മാനദണ്ഡങ്ങൾക്കനുസൃതമായി കരാറുകൾ തയ്യാറാക്കപ്പെടുന്നു. തൊഴിൽ സംബന്ധമായ എല്ലാ വിശദാംശങ്ങളും അവർ സ്ഥിരീകരിക്കുന്നു: ശമ്പളം, ഓവർടൈം, അവധിദിനങ്ങൾ - ഏതെങ്കിലും രീതിയിലുള്ള അറിയിപ്പ് ആവശ്യകതകൾ തുടങ്ങിയവ. ജാപ്പനീസ് തൊഴിലാളികൾ പൊതുഗതാഗതത്തെ (പ്രത്യേകിച്ച് ടോക്കിയോ പോലുള്ള പ്രധാന നഗരങ്ങളിൽ) വളരെയധികം ആശ്രയിക്കുന്നതിനാൽ, കരാറുകളിൽ പലപ്പോഴും പൊതുഗതാഗത ചെലവുകൾക്കുള്ള അലവൻസും ഉൾപ്പെടുന്നു.

ചോദ്യം: നിർദ്ദിഷ്ട വിദഗ്ധ തൊഴിലാളി വിസ (Specified skilled worker visa) യ്ക്ക് കീഴിൽ ജപ്പാനിൽ ജോലി ചെയ്യാൻ ജാപ്പനീസ് ഭാഷയുടെ ഏത് ലെവൽ വരെ ആവശ്യമാണ്.

ഉത്തരം: 2019 ഏപ്രിൽ 1 മുതൽ N4 അല്ലെങ്കിൽ ഉയർന്ന ജാപ്പനീസ് ഭാഷാ ശേഷിയുള്ള വിദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ട്. N4 ലെവലോ അതിൽ കൂടുതലോ ഉള്ള ജാപ്പനീസ് ഭാഷാ ശേഷിയുണ്ടെങ്കിൽ “നിർദ്ദിഷ്ട നൈപുണ്യ” വിസയ്ക്ക് (Specified skilled worker visa) കീഴിൽ, അപേക്ഷകന് 14 വ്യവസായമേഖലകളിൽ വിവിധ ജോലികളിൽ ഏർപ്പെടാൻ കഴിയും. അടിസ്ഥാന ജാപ്പനീസ് ഭാഷ മനസിലാക്കാൻ കഴിയുന്ന ഒരു തലമാണ് N4 ലെവൽ. ഒരു വ്യക്തിക്ക് പ്രാഥമിക നിലവാരത്തിലുള്ളജാപ്പനീസ് കാഞ്ചിയിൽ എഴുതിയ വാക്യങ്ങൾ വായിക്കാനും മനസ്സിലാക്കാനും കഴിയുമെങ്കിൽ കുഴപ്പമില്ല. ദൈനംദിന ജീവിതത്തിൽ അടിസ്ഥാന വാക്കുകളിൽ സംസാരിക്കുകയാണെങ്കിൽ, ഈ ലെവൽ ഉപയോഗിച്ച് നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഒരു ജാപ്പനീസ് ഭാഷാ സ്കൂളിൽ നിങ്ങൾ 300 മണിക്കൂർ പഠിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ നിലയിലെത്താൻ കഴിയും. അതിനാൽ ബിരുദാനന്തര തൊഴിൽ ലഭ്യതക്ക് ഈ ഭാഷാ പ്രാവീണ്യം ഒരു മികച്ച പാത തുറന്ന് തരുന്നു.

ചോദ്യം: എന്റെ വിസ കാറ്റഗറിയിൽ എനിക്ക് കുടുംബത്തെ ജപ്പാനിലേക്ക് കൊണ്ടുവരാൻ കഴിയുമോ?

ഉത്തരം: ഭൂരിഭാഗം എല്ലാ വിസാ കാറ്റഗറിയിലും ആശ്രിതരെ (ഭാര്യ/ഭർത്താവ്, മക്കൾ) കൊണ്ട് വരാൻ അനുവദിക്കുന്നു, നിങ്ങൾ ഉയർന്ന വൈദഗ്ധ്യമുള്ള വിസ (highly skilled visa) കാറ്റഗറിയിൽ ആണെങ്കിൽ, നിങ്ങളുടെ ഏറ്റവും ചെറിയ കുട്ടിക്ക് 7 വയസ്സ് ആകുന്നത് വരെ നിങ്ങളുടെ മാതാപിതാക്കളെയും ജപ്പാനിലേക്ക് കൊണ്ടുവരാം.

7. റെഫെറൻസും കോൺടാക്ട്റ്റും

7.1. അധികാരികളെ കോൺടാക്ട് ചെയ്യാൻ

7.2. നിഹോൺ കൈരളിയെ കോൺടാക്ട് ചെയ്യാൻ

ആദ്യഭാഗത്തു (ഭാഗം 1) വിശദീകരിച്ചതുപോലെ, പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളും അടിസ്ഥാന വിവരങ്ങളും നൽകുന്നതിൽ ഞങ്ങളുടെ പങ്ക് പരിമിതമാണ്. ജോലി അന്വേഷിക്കുന്നവർക്ക് നിഹോൺ കൈരളി അംഗങ്ങളെ സോഷ്യൽ മീഡിയ വഴിയോ സുഹൃത്തുക്കൾവഴിയോ ബന്ധപ്പെടാം.

ഈ മാർ‌ഗ്ഗരേഖയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും നിങ്ങൾക്ക് പൊതുവായ എന്തെങ്കിലും ചോദ്യങ്ങൾ‌ ഉണ്ടെങ്കിൽ‌, overall.committee@nihonkairali.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. വ്യക്തിഗത സ്ഥിരീകരണ വിഷയങ്ങളും, തൊഴിൽ പിന്തുണ അഭ്യർത്ഥനയും മറ്റും ഈ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ദയവായി ഒഴിവാക്കുക.

Share this Post